Kerala
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് പതിമൂന്ന് 55 ലെ താമസക്കാരായ ചതിരൂർ നൂറ്റിപ്പത്ത് സങ്കേതത്തിലെ കുടുംബങ്ങൾ ഇക്കുറിയും കക്കുവ പുഴക്കരയിൽ കുടിൽ കെട്ടി താമസം തുടങ്ങി. വേനൽ തുടങ്ങുന്നതോടെ 55 ലും 110 സങ്കേതത്തിലുമായി താമസിക്കുന്ന പണിയ വിഭാഗത്തിലെ കുടുംബങ്ങളാണ് പതിവുപോലെ പുഴക്കരയിലേക്ക് എത്തിയത്.
രൂക്ഷമായ കുടിവെള്ള ക്ഷാമവും തലമുറകളായി പിന്തുടരുന്ന ജീവിതരീതിയുമാണ് ഒരു പരിധിവരെ കുടുംബസമേതം ഇവരെ പുഴയോരത്തു താമസിക്കാൻ പ്രേരിപ്പിക്കുന്നത്. മഴയാരംഭിക്കുന്നതോടെ വീടുകളിലേക്ക് തിരിച്ചുപോകുന്നതാണ് ഇവരുടെ രീതി. വീടുകളുണ്ടെങ്കിലും വീടിനു പുറത്ത് ഇലാസ്റ്റിക് ഷെഡുകളിൽ അന്തിയുറങ്ങാനാണ് ഇവർക്കു താത്പര്യം.
ആറളം പഞ്ചായത്തിലെ ചതിരൂർ നൂറ്റിപ്പത്തിലെ താമസക്കാരെ ആറളം ഫാമിലേക്കു മാറ്റാൻ ശ്രമം നടന്നുവെങ്കിലും മൂന്നു കുടുംബങ്ങൾ മാത്രമാണു മാറിയത്. ബാക്കിവരുന്ന 25 ഓളം കുടുംബങ്ങൾ നൂറ്റിപ്പത്ത് സങ്കേതത്തിൽ തന്നെയാണു താമസം.
ഒരു വീട്ടിൽ തന്നെ കുടുംബവും ഉപകുടുംബവുമായി കൂട്ടുകുടുംബ വ്യവസ്ഥയ്ക്കു സമാനമായ രീതിയിലാണ് ഇവരുടെ ജീവിതം. ചെറിയ ഒരു വീട്ടിൽത്തന്നെ ഇരുപതിലധികം അംഗങ്ങൾ വരെയുണ്ട്. മഴ മാറുന്നതോടെ നൂറ്റിപ്പത്തിലെയും ബ്ലോക്ക് 13 ലെയും കുടുംബങ്ങളിൽ പലരും ഒത്തുചേർന്നാണ് പുഴയോരത്ത് കുടിൽകെട്ടി താമസിക്കാൻ എത്തുന്നത്.
ഒരു കുടുംബം, 30 അംഗങ്ങൾ
ആറളം ഫാമിൽ പുനരധിവാസം ആരംഭിച്ച് 20 വർഷമാകുമ്പോഴും ഇവിടുത്തെ യഥാർഥ പ്രശ്നങ്ങളെക്കുറിച്ച് ശരിയായ പഠനമോ പ്രശ്നപരിഹാരത്തിനുള്ള നടപടികളോ ഉണ്ടായിട്ടില്ല. പുനരധിവാസത്തിനു തെരഞ്ഞെടുത്ത മേഖലതന്നെ ശരിയല്ലെന്നും ആക്ഷേപമുണ്ട്. നിലവിലെ ഫാംമേഖല പുനരധിവാസത്തിനും വനത്തിനോടു ചേർന്നുകിടക്കുന്ന പ്രദേശം കാർഷികഫാമുമായിട്ടായിരുന്നു നിലനിർത്തേണ്ടിയിരുന്നത്. 20 വർഷം മുന്‍പ് ഒരു കുടുംബത്തിന് ഒരേക്കർ വീതം ഭൂമി ലഭിച്ചെങ്കിലും ഈ കുടുംബങ്ങൾ ഇന്ന് നിരവധി ഉപകുടുംബങ്ങളായി ഒരേയിടത്താണു ജീവിതം.
പുഴക്കരയിൽ താമസിക്കുന്ന ശോഭ എന്ന സ്ത്രീക്ക് നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമായി ആറു മക്കളുണ്ട്. ഇവർ ആറുപേരും വിവാഹം കഴിച്ചെങ്കിലും ശോഭയുടെ വീട്ടിൽത്തന്നെയാണു കഴിയുന്നത്. ഈ കുടുംബത്തിൽ മാത്രം കുട്ടികളുൾപ്പെടെ മുപ്പതിലേറെ അംഗങ്ങളാണുള്ളത്. ആദിവാസികളുടെ പുനരധിവാസം പൂർത്തിയാക്കാനോ ഉപകുടുംബങ്ങളെ പുനരധിവസിപ്പിക്കാനോ നടപടികളുണ്ടാകാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നത്. ഇതോടെ വീടുകൾക്ക് ചുറ്റും പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയാണ് ഇവരുടെ ജീവിതം.
ബാഹ്യശക്തികളുടെ ഇടപെടൽ?
സീസൺ അനുസരിച്ച് ബന്ധുക്കളും അല്ലാത്തവരുമായ നൂറ്റിപ്പത്ത് സങ്കേതത്തിലെ താമസക്കാർ ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്നത് പതിവാണ്. നൂറ്റിപ്പത്തിലെ സ്ഥലം തിരികെ കൊടുത്താൽ ആറളം പുനരധിവാസ മേഖലയിൽ സ്ഥലം നൽകാമെന്ന് ജില്ലാ ഭരണകൂടം സബ് കളക്ടർ കാർത്തിക് പാണിഗ്രഹിയുടെ നേതൃത്വത്തിൽ ഇവരെ അറിയിച്ചിരുന്നു. എന്നാൽ താമസക്കാർ ഭൂരിഭാഗവും ഇതിനു തയാറാകുന്നില്ലെന്നാണ് വിവരം. നൂറ്റിപ്പത്തിലും 55 ലും ചില ബാഹ്യശക്തികളുടെ ഇടപെടൽ നടക്കുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിട്ടുമുണ്ട്.
District News
മണ്ണുത്തി: പുതിയ കുടിവെള്ളപ്പൈപ്പ് ഇടാനായി കുത്തിപ്പൊളിച്ചിട്ട റോഡുകൾ ജനങ്ങൾക്ക് ദുരിതമായി മാറുന്നു. പൈപ്പ് ലൈൻ സ്ഥാപിക്കാനായി റോഡിന്റെ നടുഭാഗം വെട്ടിപ്പൊളിച്ചതാണ് ദുരിതം ഇരട്ടിയാക്കിയത്.
പീച്ചി ജല സംഭരണിയിൽ നിന്ന് തേക്കിൻകാട് മൈതാനിയിലെ കുടിവെള്ള വിതരണ ടാങ്കിലേക്ക് പുതിയ പൈപ്പ് സ്ഥാപിക്കാനായാണ് റോഡ് വെട്ടിപ്പൊളിച്ചിട്ടത്.
മുക്കാട്ടുകര നായരങ്ങാടി മുതൽ ബദ്ലഹേം കോൺവന്റ്് വരെയുള്ള 200 മീറ്റർ റോഡിന്റെ നടുഭാഗം വെട്ടിപ്പൊളിച്ചിട്ടാണ് പുതിയ പൈപ്പ്ലൈൻ സ്ഥാപിച്ചത്. എന്നാൽ റോഡ് വെട്ടിപ്പൊളിച്ചിട്ടിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും ഇതുവരെയും റോഡ് പൂർവ സ്ഥിതിയിലാക്കാൻ കരാറുകാരനോ അധികൃതർക്കോ സാധിച്ചിട്ടില്ല. ശക്തമായ കാറ്റ് മൂലം പൊടി ശല്യം അതിരൂക്ഷമാണ്.
മണ്ണുത്തി മുക്കാട്ടുകര റോഡും സമാന രീതിയിൽ റോഡ് വെട്ടിപ്പൊളിച്ചിട്ടത് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
മൈലിപ്പാടം, ഈസ്റ്റ് പൈപ്പ്ലൈൻ റോഡും സഞ്ചാര യോഗ്യമല്ലാത്ത വിധം തകർന്നുകിടക്കുകയാണ്.
District News
കുമരകം: കുമരകത്തും പരിസര പ്രദേശങ്ങളിലും കുടിവെള്ള വിതരണത്തിൽ തടസങ്ങൾ വന്നതോടെ ജനങ്ങൾ ബുദ്ധിമുട്ടുന്നു. ഒട്ടേറെ പ്രദേശങ്ങളിൽ ആഴ്ചകളായിട്ട് പൈപ്പുവെള്ളം ലഭിക്കുന്നില്ല.
ചെങ്ങളത്തെ ശുദ്ധീകരണ പ്ലാന്റിൽനിന്ന് പമ്പുചെയ്യുന്ന വെള്ളം പൂർണമായും കുമരകത്തെ ജലസംഭരണികളിൽ എത്താത്തതാണ് ജലവിതരണത്തിലെ പ്രതിസന്ധിക്കു പ്രധാന കാരണം. ഇതിനു പുറമേ പ്രധാന പൈപ്പുലൈനിൽ പലപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്ന ചോർച്ചയും പ്രതിസന്ധിക്കു കാരണമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം കോണത്താറ്റ് പാലത്തിനു സമീപത്തും കുമരകം പുത്തൻപള്ളിക്കു സമീപവും വലിയ ചോർച്ച കണ്ടെത്തി. ഇവ പരിഹരിക്കാനായിട്ടില്ല. ചോർച്ച പരിഹരിച്ച് ജലവിതരണം കാര്യക്ഷമമാക്കുമെന്നാണ് വാട്ടർ അഥോറിട്ടി അധികൃതർ പറയുന്നത്.
District News
ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്ത് 22-ാം വാര്‍ഡ് പറാല്‍ പാരിപ്പള്ളം പ്രദേശത്ത് ഒന്നരമാസമായി കുടിവെള്ളം ലഭിക്കുന്നില്ല. 15 കുടുംബങ്ങള്‍ ശുദ്ധജലം ലഭിക്കാതെ ദുരിതത്തില്‍. പറാല്‍ റോഡില്‍ താറമ്പ്രാല് ജംഗ്ഷനു വടക്കുഭാഗത്തുള്ള പാരിപ്പള്ളം പ്രദേശത്താണ് പൈപ്പ് വെള്ളം മുടങ്ങിയിട്ട് ഒന്നരമാസം പിന്നിട്ടത്.
പലഭാഗങ്ങളിലും റോഡ് കുഴിച്ചെങ്കിലും പൈപ്പിന്റെ ചോര്‍ച്ച കണ്ടെത്താന്‍ വാട്ടര്‍ അഥോറിറ്റിക്കു കഴിഞ്ഞിട്ടില്ല. വാട്ടര്‍ അഥോറിറ്റി ജോലിക്കാര്‍ റോഡ് കുഴിച്ച് പൈപ്പ് പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക്കും മാലിന്യങ്ങളും കണ്ടെത്തിയതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
വീടുകളിലേക്ക് എത്താന്‍ നടപ്പാത മാത്രമാണുള്ളത്. അതിനാല്‍ വിലകൊടുത്ത് കുടിവെള്ളം വാങ്ങാമെന്നു കരുതിയാല്‍ വാഹനങ്ങളില്‍ വെള്ളം എത്തിക്കാന്‍ സാധ്യമല്ല. പാടശേഖരത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായതിനാല്‍ കിണറുകളിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ല. പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി ശുദ്ധജലം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
പുൽപ്പള്ളി: ഗ്രാമപഞ്ചായത്തിലെ ടൗണിനോട് ചേർന്ന അന്പലപ്പടി ഉന്നതിക്കാർ കുടിവെള്ളമില്ലാതെ ദുരിതത്തിൽ. കോളനിയിലെ പത്തോളം കുടുംബങ്ങൾ പുൽപ്പള്ളി റേഞ്ച് ഓഫീസിൽ നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്.
സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേരാണ് ഇവിടെ കഴിഞ്ഞുവരുന്നത്. ചെതലത്ത് റേഞ്ച് ഓഫീസിന്റെ ആവശ്യങ്ങൾക്കായുള്ള കിണറിനെയാണ് കുടിവെള്ളത്തനായി ഉന്നതിയിലെ കുടുംബങ്ങൾ ആശ്രയിക്കുന്നത്. ഉന്നതിയിൽ നിലവിലുള്ള കിണറിൽ ടൗണിലെ ഓടകളിൽ നിന്നടക്കമുള്ള മാലിന്യങ്ങളടക്കം ഒഴുകിയെത്തുന്നതിനാൽ വെള്ളം ഉപയോശൂന്യമായ അവസ്ഥയിലാണ്.
വർഷങ്ങളായി ഇതേ അവസ്ഥ തുടരുകയാണെങ്കിലും അധികൃതർ മുഖം തിരിക്കുകയാണ്. പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ ജലനിധി അടക്കമുള്ള നിരവധി കുടിവെള്ളപദ്ധതികൾ നടപ്പിലാക്കുന്പോഴും ഉന്നതിയെ അവഗണിക്കുകയാണെന്നാണ് പരാതി ഉയരുന്നത്. ഉന്നതിയിലെ കുടിവെള്ളത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയിട്ടും അവഗണിക്കുകയാണെന്ന് ഉന്നതിക്കാർ പറയുന്നത്.
ആദിവാസിക്ഷേമത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്പോഴാണ് അന്പലപ്പടി ഉന്നതിയിലെ കുടുംബങ്ങൾ ദുരിതം പേറുന്നത്. പുൽപ്പള്ളി മുരിക്കൻമാർ ദേവസ്വത്തിന്റെ കൈതക്കാടിനോട് ചേർന്നുള്ള ചേർന്നുകിടക്കുന്ന 15 സെന്റ് സ്ഥലത്താണ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ചോർന്നൊലിക്കുന്ന വീട്ടിൽ കുടുംബാംഗങ്ങൾ കഴിയുന്നത്.
ഭൂമിയും വീടും നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് ഇവിടുത്തെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കുടിവെള്ളം എത്തിക്കാനുള്ള നടപടിയുണ്ടാകണമെന്നുമാണ് ഉന്നതിക്കാരുടെ ആവശ്യം.
District News
വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു കാരണം ചെറായി ബീച്ചുകളിലെ റിസോർട്ടുകൾ അനിയന്ത്രിതമായി കുടിവെള്ളം ഉപയോഗിക്കുന്നതുകൊണ്ടെന്ന് പറവൂർ വാട്ടർ അഥോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ രേഖാമൂലം വെളിപ്പെടുത്തി. കുടിവെള്ള ക്ഷാമത്തെത്തുടർന്ന് പള്ളിപ്പുറം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.എസ്. സോളിരാജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങളും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് ഇന്നലെ എഞ്ചിനീയറെ ഉപരോധിച്ച സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തൽ.
ഉപയോഗം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് റിസോർട്ടുകൾക്ക് കത്ത് നൽകിയിട്ടുണ്ടെന്നും എൻജിനീയർ അറിയിച്ചു. അങ്ങിനെയെങ്കിൽ നിർദ്ദേശം ലംഘിക്കുന്നവരുടെ കണക്ഷനുകൾ വിച്ഛേദിക്കണമെന്നായി സമരക്കാർ. ഇതിന് എൻജിനീയർ സമ്മതം മൂളിയില്ല.
നടപടി എടുത്തില്ലെങ്കിൽ തങ്ങൾ ഓഫീസിൽ തന്നെ കുത്തിയിരിക്കുമെന്ന് സമരക്കാർ ഭീഷണിപ്പെടുത്തിയതോടെ തുടർന്നു നടന്ന ചർച്ചയിൽ അടിയന്തരമായി പരിശോധന നടത്തി നിർദേശം ലംഘിക്കുന്നവരുടെ കണക്ഷനുകൾ വിച്ഛേദിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാമെന്ന് എൻജിനീയർ ഉറപ്പുനൽകി.
ജില്ലാ ഭരണകൂടത്തിന്റെയും ഭരണകക്ഷി നേതാക്കളുടെയും ഒത്താശയോടെയാണ് റിസോർട്ടുകൾ അനിയന്ത്രിതമായി വെള്ളം ചോർത്തുന്നതെന്ന് സമരത്തിനു നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് വി.എസ്. സോളിരാജ്, പള്ളിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് ചിദംബരൻ എന്നിവർ ആരോപിച്ചു.
District News
മഞ്ചേരി : നഗരസഭയിലും സമീപ പ്രദശങ്ങളിലും വർഷങ്ങളായി കുടിവെള്ളം മുടങ്ങുന്നത് പതിവായതിൽ മഞ്ചേരി നഗരസഭാധ്യക്ഷൻ, ഉപാധ്യക്ഷ എന്നിവരുടെ നേതൃത്വത്തിൽ കൗണ്‍സിലർമാർ മഞ്ചേരി ജല അഥോറിറ്റി കാര്യാലയത്തിൽ നേരിട്ടെത്തി പ്രതിഷേധമറിയിച്ചു.
മഞ്ചേരി ടൗണിലും പരിസര പ്രദേശങ്ങളായ അരുകിഴായ, മുട്ടിപ്പാലം, ഉള്ളാടംകുന്ന്, വേട്ടേക്കോട്, 22ാം മൈൽസ്, വായ്പ്പാറപ്പടി, വെള്ളാരങ്ങൽ എന്നീ പ്രദേശങ്ങളിലുമാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നത്. ഇവിടങ്ങളിൽ വാട്ടർ അഥോറിറ്റിയെയാണ് നിർധനരായ ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്.
നിരന്തരം കുടിവെള്ളം മുടങ്ങുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി, കളക്ടർ ഉൾപ്പെടെയുള്ളവർക്ക് നാട്ടുകാരും സാമൂഹ്യ പ്രവർത്തകരും പരാതികൾ നൽകുകയും തുടർന്ന് താൽക്കാലികമായി മാത്രം പ്രശ്നം പരിഹരിക്കുകയും ചെയ്യുന്നതാണ് പതിവ്. ജല അഥോറിറ്റിയെ മാത്രം ആശ്രയിക്കുന്നവർക്ക് ജലക്ഷാമം തീരാദുഃഖമായി മാറുകയും വൻ വില നൽകി കുടിവെള്ളം സ്വകാര്യ ടാങ്കർ ലോറിയിൽ നിന്ന് വാങ്ങേണ്ടി വരികയും ചെയ്യുന്നതിനെ തുടർന്നാണ് മഞ്ചേരി നഗരസഭ ജനപ്രതിനിധികൾ ജല അഥോറിറ്റി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കുടിവെള്ള പ്രശ്നം നിർബന്ധമായും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടത്.
നഗരസഭാ ചെയർപേഴ്സണ്‍ വല്ലാഞ്ചിറ അബ്ദുൾ മജീദ്, വൈസ് ചെയർപേഴ്സണ്‍ അഡ്വ. ബീന ജോസഫ് എന്നിവരുടെ നേതൃത്ത്വത്തിൽ കൗണ്‍സിലർമാർ വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയറോട് ആവശ്യമുന്നയിച്ചത്. നാട്ടുകാരുടെ കുടിവെള്ള പ്രശ്നത്തിൽ ജല അഥോറിറ്റി അധികൃതർ രാഷ്ട്രീയം കലർത്തി കുടിവെള്ളം നിഷേധിച്ചാൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് കൗണ്‍സിലർമാർ മുന്നറിയിപ്പ് നൽകി. നാല് ദിവസത്തിനകം കുടിവെള്ള പ്രശ്നം പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംഘം പിൻവാങ്ങിയത്.
District News
കൂത്താട്ടുകുളം : കൂത്താട്ടുകുളം - പാലാ റോഡിൽ കുടിവെള്ള പൈപ്പ് തകർന്നു. മാരുതി കവലയിൽ വാട്ടർ സർവീസ് സെന്ററിനു സമീപം വാട്ടർ അഥോറിറ്റിയുടെ പ്രധാന കുടിവെള്ള വിതരണ പൈപ്പാണ് തകർന്നത്. സമ്മർദം മൂലം കാലപ്പഴക്കം ചെന്ന ആസ്ബറ്റോസ് പൈപ്പ് തകർന്നതായാണ് പ്രാഥമിക നിഗമനം. ഇതോടെ പ്രദേശത്തെ കുടിവെള്ള വിതരണം പൂർണമായും മുടങ്ങി.
അടുത്തിടെ അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിനു തുറന്നു നൽകിയ റോഡിന്റെ ഏതാനും ഭാഗവും തകർന്നു. റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയറും വാട്ടർ അഥോറിറ്റി ജീവനക്കാരും സ്ഥലത്തെത്തി. അപകടം ഒഴിവാക്കുന്നതിന്റെ ഭാഗമായി കുഴിക്കു സമീപം താത്കാലിക ബാരിക്കേഡ് സ്ഥാപിച്ചു. ശബരിമല തീർഥാടന കാലമായതിനാൽ അപകട സാധ്യത ഏറെയാണ്.
ഇന്ന് രാവിലെ കുടിവെള്ള വിതരണ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് വാട്ടർ അഥോറിറ്റി അധികൃതർ അറിയിച്ചു.
Kerala
കൊച്ചി: തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റ പണിയെ തുടർന്ന് കൊച്ചി നഗരത്തില്‍ ഇന്ന് രാത്രി മുതൽ രണ്ടുദിവസം കുടിവെള്ളം മുടങ്ങും. കോര്പറേഷന് ഡിവിഷനുകൾക്ക് പുറമേ ചേരാനെല്ലൂര്‍, മുളവുകാട് പഞ്ചായത്തുകളിലും കുടിവെള്ളം ലഭിക്കില്ല.
പമ്പ് ഹൗസിലെ അറ്റകുറ്റ പണികൾക്ക് ശേഷം വ്യാഴാഴ്ച രാത്രിയോടെ വെള്ളം എത്തും. ഇന്ന് രാത്രി പത്തുമണി മുതൽ രണ്ടുദിവസത്തേക്കാണ് കുടിവെളളം മുടങ്ങുന്നത്.
Kerala
കോഴിക്കോട്: മലാപ്പറമ്പിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. സമീപത്തെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. ഇന്ന് പുലർച്ചെയാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്.
പൈപ്പ് പൊട്ടിയതോടെ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടുകയും റോഡിൽ പലയിടത്ത് മണ്ണ് അടിഞ്ഞുകൂടുകയും ചെയ്തു. റോഡിൽ ഗർത്തം ഉണ്ടായതിനെ തുടർന്ന് ഈ വഴിയുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.
പൈപ്പ് പൊട്ടുന്നത് സ്ഥിരമായി മാറിയിരിക്കുകയാണെന്നും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്നും നാട്ടുകാർ പറയുന്നു. നിലവിൽ പമ്പിംഗ് നിർത്തിവച്ചിട്ടുണ്ട്. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്നാണ് ജല അതോറിറ്റി അറിയിക്കുന്നത്.
കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് കുടിവെള്ള പൈപ്പ് പൊട്ടിയിരുന്നു. പിന്നാലെ ഗതാഗതം തടസപ്പെട്ടിരുന്നു.
District News
തുറവൂർ: കുടിവെള്ളത്തിനായി വലഞ്ഞ് തീരദേശ ജനത. ചാപ്പക്കടവ് മുതൽ അന്ധകാരനഴി വരെയുള്ള തീരദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ കഷ്ടപ്പെടുന്നത്. ആയിരം മുതൽ 25,000 രൂപ വരെ മുടക്കി ജപ്പാൻ കുടിവെള്ള കണക്ഷൻ എടുത്തിട്ടുള്ള ഉപഭോക്താക്കളാണ് ഒരിറ്റു കുടിവെള്ളത്തിനായി കേഴുന്നത്.
എല്ലാ മാസവും വട്ടർ അഥോറിറ്റിയുടെ ബില്ല് വരുന്നുണ്ടെങ്കിലും ഒരു വീട്ടിലും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്. നിലവിൽ എല്ലാദിവസവും തുറവൂരിൽനിന്ന് കുത്തിയതോട്, തുറവൂർ പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് പമ്പിംഗ് നടക്കുന്നുണ്ടെങ്കിലും തീരദേശത്ത് ഈ വെള്ളം എത്താത്ത അവസ്ഥയാണ്.
കിഴക്കൻ മേഖലകളിൽ മോട്ടോർ വച്ച് വെള്ളം വലിച്ചെടുക്കുന്നതാണ് തീരദേശ ജനതയുടെ ദുരവസ്ഥയ്ക്കു കാരണമെന്നാണ് വാട്ടർ അഥോറിറ്റി ജീവനക്കാർ പറയുന്നത്. എന്നാൽ, ഇത്തരത്തിൽ മോട്ടോർ വച്ച് കുടിവെള്ളം വലിക്കുന്നവർക്കെതിരേ യാതൊരുവിധ നടപടിയും സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ല എന്നാണ് ആക്ഷേപം. പള്ളിത്തോട് റോഡ് മുക്കു ുതൽ ചാപ്പക്കാട് വരെ നിലവിലെ പൈപ്പ് മാറ്റി പുതിയ പൈപ്പ് സ്ഥാപിച്ച് കുടിവെള്ള വിതരണം സുഗമമാകും എന്ന് പ്രഖ്യാപിച്ചെങ്കിലും യാതൊരു നടപടിയുമില്ലെന്നും ആക്ഷേപമുണ്ട്.
District News
തൃശൂർ: വാട്ടർകണക്ഷന് അമിതമായി തുക ഈടാക്കുന്നതിനെതിരേ കോർപറേഷൻ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. ഭീമമായ തുക അടയ്ക്കുന്നവർ മേയറുടെ മുന്പിൽ കുമ്പിട്ടുനിന്നാൽ തുക ഗഡുക്കളായി അടയ്ക്കാൻ അവസരം ഒരുക്കുന്ന മേയർ, പാവപ്പെട്ടവന്റെ കഴുത്തിനു കുത്തിപ്പിടിച്ചാണ് പണം പിഴിഞ്ഞെടുക്കുന്നതെന്നും യുഡിഎഫ് കൗൺസിലർ ജോൺ ഡാനിയേൽ.
എ.സി. ഷാജി എന്ന വ്യക്തി കോടതിയെ സമീപിച്ചതിലൂടെ വാട്ടർ കണക്ഷന് അമിതമായി ചാർജ് ഈടാക്കിയതു കണ്ടെത്തുകയും 14,700 രൂപ ബിൽ വന്ന അദ്ദേഹത്തിനു തുക 538 രൂപയായി കുറച്ചുനൽകുകയും ചെയ്തു. ഈ സാഹചര്യത്തിൽ കോടതിയെ സമീപിക്കാൻ കഴിയാത്ത സാധാരണക്കാരിൽനിന്നു പിരിച്ചെടുത്ത അമിതമായ തുക തിരിച്ചുനൽകണമെന്നു ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.
എന്നാൽ, അതു പറ്റില്ലെന്നു മേയറും, കോർപറേഷന് ബാധ്യത ഉണ്ടാകുമെന്നും നിയമപരമായി പോകാമെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തിയും പറഞ്ഞതോടെ പ്രതിഷേധം വീണ്ടും ശക്തമായി.
77 അജൻഡകളുമായാണ് യോ ഗം ചേർന്നതെങ്കിലും ഒരു ദിവസംവരെ നീളാവുന്ന കൗൺസിൽ യോഗം ഇന്നലെ വെറും ഒരു മണിക്കൂറിൽ അവസാനിച്ചു. പല അജൻഡകളും കൃത്യമായ റിപ്പോർട്ടിന്റെയും മറ്റു പ്രശ്ങ്ങളും ചൂണ്ടിക്കാട്ടി മാറ്റിവയ്ക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടതോടെയാണ് യോഗം ശരവേഗത്തിൽ അവസാനിച്ചത്.
കൗൺസിൽ കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ ഒരുദിവസം രണ്ടു കൗൺസിൽ യോഗം ചേർന്നത് നേരത്തേതന്നെ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു.യുഡിഎഫ് കൗൺസിലർ ലാലി ജെയിംസ് ഇക്കാര്യം യോഗത്തിൽ ഉന്നയിച്ചു.
റോഡുകളിലെ കുഴികളിൽവീണ് മരണപ്പെട്ടവരെ തിരിഞ്ഞുനോക്കാത്ത മേയർ, കാലാവധി അവസാനിക്കുംമുന്‍പേ അവർക്കു ധനസഹായം പ്രഖ്യാപിക്കണമെന്നു പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു.
ഓഡിറ്റ് റിപ്പോർട്ട് ഭരണസമിതിക്കെതിരായ
കുറ്റപത്രമെന്നു പ്രതിപക്ഷം
തൃശൂർ: കോർപറേഷന്റെ 2023–24 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ ഭരണസമിതിക്കെതിരേ ഗുരുതരമായ സാമ്പത്തികക്രമക്കേടുകളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്നു പ്രതിപക്ഷം. റിപ്പോർട്ട് ഭരണസമിതിക്കെതിരായ കുറ്റപത്രമാണെന്നു പ്രതിപക്ഷനേതാവ് രാജൻ പല്ലൻ പറഞ്ഞു.
നടപ്പാക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും നാലു ജലവൈദ്യുതപദ്ധതികൾക്കായി കോടിക്കണക്കിനു രൂപ ചെലവഴിച്ചുവെന്നും, കെഎസ്ഇബി തള്ളിക്കളഞ്ഞ പദ്ധതി കോർപറേഷൻ വീണ്ടും ഏറ്റെടുത്ത് 40 ലക്ഷം രൂപ നഷ്ടം വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
നഗരത്തിലെ റോഡുകളുടെ ദയനീയാവസ്ഥ, ലാലൂരിലെ ബയോമൈനിംഗിലെ കോടികളുടെ അഴിമതി, അഞ്ചു കോടി രൂപ ചെലവഴിച്ച് സിസിടിവി സ്ഥാപിക്കൽ പദ്ധതിയിലെ ക്രമക്കേട് എന്നിവയാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. നഗരത്തിലെ സിസിടിവി പദ്ധതിക്കായി പിരിച്ചെടുത്ത തുക കാണാനില്ലെന്നും, ആകെ രണ്ടുലക്ഷം രൂപ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും രാജൻ പല്ലൻ ആരോ
പിച്ചു. ബയോബിൻ വാങ്ങിയതിൽ നാലുലക്ഷം രൂപ അധികം കമ്പനിക്കു നൽകി.
സ്വരാജ് റൗണ്ടിലെ റോഡുകളുടെ തകർച്ചയും ചർച്ചയിൽ വന്നു. കോൺക്രീറ്റ് ചെയ്ത റോഡുകളിൽ ടാറിടരുതെന്ന് മുന്നറിയിപ്പു നൽകിയിട്ടും, അന്നത്തെ മേയർ ആർ. ബിന്ദു വഴങ്ങിയതിനെതുടർന്ന് ഇപ്പോൾ ടാർപാളി ഇളകി സഞ്ചാരയോഗ്യമല്ലാതായെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ലാലൂരിലെ ബയോമൈനിംഗിനായി അഞ്ചര കോടി രൂപ ചെലവഴിച്ചിട്ടും യാതൊരു മൈനിംഗും നടന്നിട്ടില്ലെന്നും വൻ അഴിമതിയാണ് പിന്നിലെന്നും യുഡിഎഫ് കൗൺസിലർമാരായ ജോൺ ഡാനിയലും ലാലി ജെയിംസും ആരോപിച്ചു. റോഡ് അടിച്ചുവാരുന്നതിനായി 75 ലക്ഷം രൂപ ചെലവിൽ വാങ്ങിയ വാഹനവും ഇപ്പോൾ അനങ്ങാതെ കിടക്കുകയാണെന്നു റിപ്പോർട്ടിൽ പരാമർശമുണ്ട്.
എന്നാൽ, അപാകതകൾ തിരുത്താനാണ് ഓഡിറ്റ് പരാമർശമെന്നും അഴിമതി ആരോപിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി മേയർ എം.എൽ. റോസി മറുപടിനൽകി.
ലൈഫ് പദ്ധതിയിൽ സംസ്ഥാ നത്തു മികച്ച പ്രകടനം കാഴ്ചവച്ച കോർപറേഷനായി തൃശൂരിനെ തെരഞ്ഞെടുത്തതായി മേയർ എം.കെ. വർഗീസ് അറിയിച്ചു.
District News
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ, ഏലംകുളം, പുലാമന്തോൾ, അങ്ങാടിപ്പുറം എന്നീ പഞ്ചായത്തുകളിലേക്ക് ശുദ്ധജല വിതരണം മെച്ചപ്പെടുത്തുന്നതിന് രൂപകൽപന ചെയ്ത രാമഞ്ചാടി-അലിഗഢ് കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ശുദ്ധജലം എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബി 2017-18 പദ്ധതിയിൽ ഉൾപ്പെടുത്തി 92.52കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.
ഏലംകുളം പഞ്ചായത്തിലെ രാമഞ്ചാടിയിൽ 10 മീറ്റർ വ്യാസമുള്ള കിണർ, അഞ്ച് ലക്ഷം ലിറ്റർ ശേഷിയുള്ള പന്പ് ഹൗസ്, അലിഗഢ് യൂണിവേഴ്സിറ്റി കാന്പസിൽ 23 എംഎൽഡി ശേഷിയുള്ള ശുദ്ധീകരണശാല, 12 ലക്ഷം ലിറ്റർ ഉന്നതതല സംഭരണി, റോ വാട്ടർ ബൂസ്റ്റർ, ക്ലിയർ വാട്ടർ പന്പിംഗ് മെയിൻ, പന്പ് സെറ്റ്, ട്രാൻസ്ഫോമർ എന്നിവയും പെരിന്തൽമണ്ണ നഗരസഭയിലെ പാതായിക്കരയിലും കുന്നപ്പള്ളിയിലുമുള്ള നിലവിലെ സംഭരണികളിലേക്കും ഏലംകുളം പഞ്ചായത്തിലെ പെരുന്പറന്പ് സംഭരണിയിലേക്കുമുള്ള ക്ലിയർ വാട്ടർ ഗ്രാവിറ്റി മെയിൻ സ്ഥാപിക്കുന്ന പ്രവൃത്തികളും പെരിന്തൽമണ്ണ നഗരസഭയിലെ വിതരണ ശൃംഖല പുതുക്കി സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികളും പദ്ധതി വഴി പൂർത്തിയാക്കി.
പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിക്കും സമീപ പഞ്ചായത്തുകളിലേയ്ക്കും നിലവിലുളള 19 എംഎൽഡിയോടുകൂടി പുതിയ 23 എംഎൽഡി ജലശുദ്ധീകരണശാല ചേരുന്നതോട് കൂടി 42 എംഎൽഡി ജലം ശുദ്ധീകരിക്കാൻ സാധിക്കും.
പെരിന്തൽമണ്ണ നഗരസഭാ കാര്യാലയത്തിൽ നടന്ന പരിപാടിയിൽ നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷനായിരുന്നു. ചെയർമാൻ പി. ഷാജി, അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി മുൻ ഡയറക്ടർ ഡോ.ഫൈസൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.സുധീർ ബാബു, പി.സൗമ്യ, എ.നസീറ, വാർഡ് കൗണ്‍സിലർ പി.തസ്നീമ, മലപ്പുറം വാട്ടർ അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ എസ്.സത്യ വിൽസണ്‍, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
District News
കട്ടപ്പന: മുനിസിപ്പാലിറ്റി കുടിവെള്ള പദ്ധതിയുടെ നിർമാണ ഉദ്ഘാടനം ഇന്നു നടക്കും. വൈകുന്നേരം 3.30നു കട്ടപ്പന ടൗണിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. കട്ടപ്പന നഗരസഭാ ചെയർപേഴ്സണ്‍ ബീന ടോമി അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സണ്‍ അഡ്വ. കെ.ജെ. ബെന്നി, ജല അഥോറിട്ടി മാനേജിംഗ് ഡയറക്ടർ ഡോ. പി.ബി. നൂഹ്, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, വാട്ടർ അഥോറിട്ടി മധ്യമേഖലാ ചീഫ് എൻജിനിയർ വി.കെ. പ്രദീപ് തുടങ്ങിയവർ പ്രസംഗിക്കും.
43 കോടി രൂപയുടെ കിഫ്ബ് പദ്ധതിയുടെയും 20.6 കോടി രൂപയപടെ അമൃത് രണ്ടാം ഘട്ട പദ്ധതിയുടെയും നിർമാണ ഉദ്ഘാടനമാണ് നടക്കുന്നത്. അമൃത് പദ്ധതിയുടെ ആദ്യഘട്ടം പുരോഗമിക്കുകയാണ്. അമൃത് രണ്ടാം ഘട്ട പദ്ധതി പ്രകാരം 42 കിലോമീറ്റർ വിതരണ ശൃംഖല സ്ഥാപിച്ച് 4000 കുടിവെള്ള കണക്ഷനുകളാണ് നൽകുന്നത്.
കട്ടപ്പന നഗരസഭയിലെ മുഴുവൻ വാർഡുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് മാസ്റ്റർ പ്ലാൻ വേണമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ നിർദേശ പ്രകാരം തയാറാക്കിയ പദ്ധതിക്കാണ് സർക്കാർ കിഫ്ബി മുഖേന 43 കോടി രൂപ അനുവദിച്ചിരിക്കുന്നത്. പദ്ധതിയനുസരിച്ച് അഞ്ചുരുളിയിൽ ജൽജീവൻ മിഷൻ വഴി സ്ഥാപിക്കപ്പെടുന്ന ജലശുദ്ധീകരണ ശാലയിൽ നിന്നു ശുദ്ധജലം കട്ടപ്പന നഗരസഭയിലെ കല്ലുകുന്ന് ടോപ്പിൽ നിർമിക്കുന്ന രണ്ടുലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിയിലേക്ക് എത്തിച്ച് 62 കിലോമീറ്റർ പൈപ്പു ലൈൻ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യും. പദ്ധതിയുടെ ഭാഗമായി നരിയംപാറയിൽ ജലസംഭരണിയും പന്പ്ഹൗസ് നിർമാണവും വിഭാവനം ചെയ്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സ്കൂളുകളിലെ കുടിവെള്ളം, ഭക്ഷണ സാന്പിൾ എന്നിവ സൗജന്യമായി പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. കൊല്ലം ആസ്ഥാനമായ കാഷ്യു എക്സ്പോർട്ട് പ്രമോഷൻ കൗണ്‍സിൽ ഓഫ് ഇന്ത്യ(സിഇപിസിഐ) ക്കാണ് പരിശോധന ചുമതല.
ലാബിലെ ജീവനക്കാർ സാന്പിൾ ശേഖരിക്കാൻ സ്കൂളിൽ എത്തുന്പോൾ അവർക്കു വേണ്ട സഹായം ചെയ്തുകൊടുക്കാൻ പ്രധാനാധ്യാപകർക്കു നിർദേശം നൽകി. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ (കെപിപിഎച്ച്എ) നിവേദനത്തെ തുടർന്നാണ് നടപടി.